വെള്ളംകോരിയും വിറകുവെട്ടിയും
കരയുന്ന കപ്പി ഒഴിഞ്ഞ വെള്ളത്തൊട്ടിയെ
ആഴത്തിലേക്കു പറഞ്ഞയയ്ക്കുന്നു.
തൊട്ടി ഒന്നു കുണുങ്ങി ചിറകടിച്ച്
പൊന്മയെപ്പോലെ വെള്ളത്തില്‍ ഒന്നു താണുയരുന്നു.
വെള്ളം ഇക്കിളികൊണ്ടു പൊട്ടിച്ചിരിക്കുന്നു.
പിടയ്ക്കുന്ന ആ വെള്ളിച്ചിരി കൊക്കിലേറ്റി
ഉയരുന്ന തൊട്ടിയിലുണ്ട്
ജലത്തിലലിയാത്ത ഒരു സൂര്യശകലം
വന്‍ വിപിനങ്ങള്‍ സ്വപ്നം കാണുന്ന
കിണറ്റുപന്നയുടെ പച്ചില
സമുദ്രവിസ്തൃതിയില്‍ വിരിയാന്‍ കൊതിക്കുന്ന
കൂപമണ്ഡൂകത്തിന്റെ മുട്ട
ഇരുളില്‍ തളയ്ക്കപ്പെട്ട ഈനാംപേച്ചിയുടെ
വെളിച്ചത്തിലേക്കുള്ള തുറുനോട്ടം
പന്തയം ജയിക്കുന്ന ആമയുടെ ജാഗ്രത
പോയ വേനലിന്റെ വരള്ച്ച
വരുന്ന ഇടവപ്പാതിയുടെ മുരള്ച്ച
ഭൂമിയുടെ സ്നിഗ്ദ്ധോര്വ്വരമായ ആഴം.
ഈ കയര്‍ ജീവിതത്തില്‍നിന്നു
മരണത്തിലേക്കും മരണത്തില്നിന്നു
ജീവിതത്തിലേക്കും നീളുന്നു
വെള്ളം കോരുന്നവള്‍ രണ്ടുകുറി വിയര്‍ക്കുന്നു
മരണംകൊണ്ടും ജീവിതംകൊണ്ടും.
നന്ദി,
പുരട്ചി കനല്‍ എസ.ജി.ആര്‍
No comments:
Post a Comment